വീണ്ടും നടത്തം തുടരുകയാണ്, പുറകില്‍ വിളിയൊച്ചകളില്ല തിരിഞ്ഞുനോക്കിയാല്‍ വലിച്ചിഴച്ച കാല്‍പാടുകള്‍മാത്രം വസന്തങ്ങളും , വര്‍ഷവും പിന്നിലായിക്കഴിഞ്ഞു ഇനിയത്തെ ദൂരം ഞാനൊറ്റക്ക് നടന്നേതീരു... എന്റെ വലം കൈപിടിച്ചിരുന്നവരെവിടെ ? അവരുടെ നിശ്വാസം എന്റെ ആശ്വാസം ആയിരുന്ന നിമിഷങ്ങള്‍ എന്നേക്കുമായി പൊയ്പൊയിരുന്നു... എങ്കിലും ഒരു താങ്ങിനായി ഞാന്‍ നോക്കിപോകുന്നു.. ദൂരെ കാണുന്നതെല്ലാം ഉണങ്ങിയ മരങ്ങള്‍ മാത്രം , ഇല്ല ഒരു പച്ചപ്പു പോലും , കാണാനേയില്ല ഒരു തണലുപോലും. എവിടെ തലചായ്കും , എവിടെ നിന്നു വരുന്ന മാരുതനാണ് എന്റെ വിയര്‍പ്പ് ഒപ്പികളയുന്നത്... കാലിനു താഴെ വരണ്ട ഭൂമി , എന്റെ പാദങ്ങള്‍ ചുട്ടുപൊള്ളുന്നു.. ഞാന്‍ വിശ്രമിച്ച പനിനീര്‍പൊയ്കകളെവിടെ ? ദൂരെ കാണുന്നതെന്താണോ .... മുന്‍പേ നടന്നെത്തിയവരോ... അതോ ഒരു ഒന്നു കണ്ണുചിമ്മാനുള്ള വഴിസത്രമോ ? കേട്ടവോ എന്റെ രാധയുടെ തേങ്ങല്‍ , ഇല്ല , ഇല്ല ഞാനറിയുന്നു .... ഞാനിനി ഒറ്റക്കായി... ഇനിയെപ്പോഴാണോ എന്റെ അസ്തമയം.